കാനഡയിൽ വാടക നിരക്കുകൾ തുടർച്ചയായി 14-ാം മാസവും കുറഞ്ഞുകൊണ്ടിരിക്കുമ്പോഴും സാധാരണക്കാരുടെ സാമ്പത്തിക ബാധ്യത ഒട്ടും കുറയുന്നില്ലെന്ന് പുതിയ സർവ്വേ ഫലങ്ങൾ വ്യക്തമാക്കുന്നു. 'Rentals.ca' പുറത്തുവിട്ട 2025 വിൻ്റർ സർവ്വേ പ്രകാരം, രാജ്യത്തെ മൂന്നിലൊന്ന് വാടകക്കാരും തങ്ങളുടെ വരുമാനത്തിൻ്റെ 50 ശതമാനത്തിലധികം വാടക ഇനത്തിൽ മാത്രം ചിലവാക്കുന്നു. സർവ്വേയിൽ പങ്കെടുത്ത 62 ശതമാനം പേരും വരുമാനത്തിൻ്റെ 30 ശതമാനത്തിലധികം വാടകയ്ക്കായി നീക്കിവെക്കുന്നു.
യുവാക്കളിലാണ് ഈ പ്രതിസന്ധി ഏറ്റവും രൂക്ഷമായി ബാധിച്ചിരിക്കുന്നത്; 25-നും 34-നും ഇടയിൽ പ്രായമുള്ളവരിൽ 43 ശതമാനം പേരും തങ്ങളുടെ പകുതി വരുമാനവും കെട്ടിട ഉടമകൾക്ക് നൽകേണ്ടി വരുന്ന അവസ്ഥയിലാണ്. മുമ്പ് സാമ്പത്തിക സുരക്ഷിതത്വത്തിനായി വരുമാനത്തിന്റെ 30 ശതമാനം മാത്രം വാടകയ്ക്കായി മാറ്റി വെക്കുക എന്നൊരു രീതി ഉണ്ടായിരുന്നുവെങ്കിലും, ഇന്നത്തെ സാഹചര്യത്തിൽ അത് പ്രായോഗികമല്ലെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഏകദേശം 70 ശതമാനം വാടകക്കാരും പുതിയ വീടിനായി പ്രതിമാസം 2,000 ഡോളറിൽ താഴെ മാത്രമേ ബജറ്റ് കണക്കാക്കുന്നുള്ളൂ എങ്കിലും, പലപ്പോഴും അതിലും ഉയർന്ന തുകയാണ് അവർക്ക് നൽകേണ്ടി വരുന്നത്. ഉയരുന്ന വാടക നിരക്കുകളാണ് തങ്ങളുടെ ഏറ്റവും വലിയ ആശങ്കയെന്ന് സർവ്വേയിൽ പങ്കെടുത്ത 69 ശതമാനം ആളുകളും വ്യക്തമാക്കി.